Skip to main content

പോലീസ് സ്റ്റേഷനുകളിൽ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും

75 പോലീസ് സ്റ്റേഷനുകള്‍ കൂടി ശിശുസൗഹൃദമായി

സംസ്ഥാനത്തെ 75 പോലീസ് സ്റ്റേഷനുകളിൽ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉദ്ഘാടനം ചെയ്തു.

അടുത്ത മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ 482 പോലീസ് സ്റ്റേഷനുകളിലും ശിശു സൗഹൃദ ഇടങ്ങള്‍ സ്ഥാപിക്കുമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുത്ത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനില്‍ എത്തുന്ന മാതാപിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാന്‍ ഈ സംവിധാനം ഉപകരിക്കും. ടി.വി, പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളോട് സ്നേഹത്തോടെ പെരുമാറാന്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അതേ മാനസികാവസ്ഥ തന്നെ സമൂഹത്തോടും കാണിക്കാനാവുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ എല്ലാ ജീവനക്കാരും കുട്ടികളോട് സ്നേഹത്തോടെ പെരുമാറേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം വിവരിച്ചു.

മാതാപിതാക്കള്‍, അധ്യാപകര്‍, സമൂഹം എന്നിവരുടെ സഹായത്തോടെ എല്ലാ കുട്ടികള്‍ക്കും അദൃശ്യമായ സുരക്ഷാവലയം തീര്‍ക്കുകയാണ് പോലീസ് സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക, കുട്ടികളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്‍മാരാക്കുക, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന നീതിയുടെ കേന്ദ്രങ്ങളായി പോലീസ് സ്റ്റേഷനുകളെ മാറ്റുക തുടങ്ങിയവയാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. അതത് പ്രദേശങ്ങളിലെ കുട്ടികളിലേയ്ക്ക് എത്തിപ്പെടാനും അത്തരം കുട്ടികളുടെ മാനസികസംഘര്‍ഷങ്ങള്‍ മനസ്സിലാക്കി സമയോചിതമായ ഇടപെടലുകള്‍ നടത്താനും ചൈല്‍ഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനുകള്‍ക്ക് സാധിക്കും.

എ.ഡി.ജി.പിമാരായ ഡോ.ഷേയ്ക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജിമാരായ ബല്‍റാം കുമാര്‍ ഉപാധ്യായ, ഹര്‍ഷിത അത്തലൂരി, പി.വിജയന്‍ എന്നിവരും മുതിര്‍ന്ന ഓഫീസര്‍മാരും ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കെടുത്തു. യുണിസെഫ് ചെന്നൈ മേഖല സോഷ്യല്‍ പോളിസി മേധാവി ഡോ.പിനാകി ചക്രവര്‍ത്തി, സിനിമാ താരം പേളി മാണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.

Popular Notifications

പ്ലസ് വൺ പ്രവേശനം; അപേക്ഷ 29 മുതൽ; നടപടികൾ പൂർണ്ണമായും ഓൺലൈനിൽ

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നത് 29 ലേക്ക് നീട്ടി. 24 മുതൽ അപേക്ഷ സമർപ്പിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളാണ് 29 മുതൽ സ്വീകരിച്ചു തുടങ്ങുക. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് അപേക്ഷിക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 14 ആണ്. പൂർണ്ണമായും ഓൺലൈനായിട്ടായിരിക്കും അപേക്ഷ സമർപ്പിക്കേണ്ടത്. സ്കൂളുകളിൽ അധ്യാപകരെയും അനദ്ധ്യാപകരെയും ഉൾപ്പെടുത്തി ഹെൽപ് ഡെസ്കുണ്ടാകും. സ്വന്തമായി അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ഹെൽപ് ഡെസ്കിന്റെ സ​ഹായത്തോടെ അപേക്ഷ സമർപ്പിക്കാം.

നാളെ മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കും

നാളെ മുതൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കും. വൈകിട്ട് അഞ്ച് മണി മുതലാണ് അപേക്ഷ സ്വീകരിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. https://www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഏകജാലക അപേക്ഷയാണ് സമർപ്പിക്കാൻ സാധിക്കുക. പ്രവേശന മാർഗനിർദേശങ്ങൾ ഇന്ന് പുറത്തിറക്കുമെന്നാണ് വിവരം. അപേക്ഷയ്‌ക്കൊപ്പം വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ്. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നേരത്തെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷന് വേണ്ടി സ്‌കൂളുകളിൽ സമർപ്പിക്കേണ്ടതില്ല. അപേക്ഷ സമർപ്പിച്ചതിന് ശേഷം മൊബൈൽ വൺ ടൈം പാസ്‌ വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്യുക. പിന്നീടുള്ള പ്രവർത്തനങ്ങൾ നടക്കുക കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷമായിരിക്കും.